Connect with us

International

ജെയ്ഷെ മുഹമ്മദ് ഭീകര നേതാവ് മസൂദ് അസ്ഹറിൻ്റെ ആസ്തികൾ മരവിപ്പിക്കുമെന്ന് ഫ്രാൻസ്

Published

on

പാരിസ്: പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപക നേതാവ് മസൂദ് അസ്ഹറിന്റെ ഫ്രാന്‍സിലെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചു. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ കടുത്ത നടപടികള്‍ എടുക്കാന്‍ ലോകരാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി.
ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്. ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ തയാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു.
കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതിയില്‍ മസൂദിനെതിരെ അവതരിപ്പിച്ച പ്രമേയം ചൈന എതിര്‍ത്തിരുന്നു.ഇനിയും മസൂദിനെ അനുകൂലിക്കുന്ന നിലപാട് ചൈന തുടരുകയാണെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് യുഎന്‍ രക്ഷാസമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

International

“മി.സ്പീക്കർ, ചീത്ത മനുഷ്യരേക്കാൾ കൂടുതൽ നല്ല മനുഷ്യർ ഈ ലോകത്തുണ്ട്”, ആര്‍ജ്ജവവും പ്രതിബദ്ധതയുമുള്ള ഭരണാധികാരികള്‍ വേരറ്റു പോയിട്ടില്ലെന്ന്‍ ഓര്‍മിക്കാന്‍ മാത്രം ഈ വാക്കുകൾ നാം വായിക്കണം…

Published

on

By

“മി.സ്പീക്കർ, ചീത്ത മനുഷ്യരേക്കാൾ കൂടുതൽ നല്ല മനുഷ്യർ ഈ ലോകത്തുണ്ട്. വെളിച്ചം ഇരുട്ടിനു മേൽ പ്രകാശിക്കുന്നുണ്ട്. നന്മ തിന്മയെ അതിജയിച്ചു നിൽക്കുന്നുണ്ട്. ദുരന്തമുഖത്ത് ജാഗ്രതയോടെ ഒന്നിച്ച മനുഷ്യരിൽ നമുക്കത് കാണാം. ആരാധനാലയങ്ങൾക്ക് ചുറ്റും കൈ കോർത്ത് കാവൽ നിന്ന മനുഷ്യരിൽ നമുക്കത് കണ്ടെടുക്കാം. ഈ പോരാട്ടം സുപ്രധാനമാണ്”

ആര്‍ജ്ജവവും പ്രതിബദ്ധതയുമുള്ള ഭരണാധികാരികള്‍ വേരറ്റു പോയിട്ടില്ലെന്ന്‍ ഓര്‍മിപ്പിക്കാന്‍ മാത്രം ഈ വാക്കുകൾ നാം വായിക്കണം. ന്യൂസിലൻഡിനെ നടുക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ
ലോക നേതാക്കളെ ഹൃദയം തൊട്ട് സംബോധനം ചെയ്തുകൊണ്ടായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാക്കുകൾ.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ന്യൂസിലാന്‍റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍;

മി.സ്പീക്കര്‍ , ന്യൂസീലാന്റില്‍ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരോടുമുള്ള അഗാധമായ അനുശോചനം അറിയിക്കാന്‍ വേണ്ടിയാണ് ഞാനിന്നിവിടെ എഴുന്നേറ്റ് നില്‍ക്കുന്നത്.

നാളുകള്‍ക്ക് മുമ്പാണ് നമ്മുടെ സൗഹൃദ് രാജ്യം, അവരുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു ഭീകരാക്രമണത്തിന് ഇരയായത്. ഇസ്ലാമോ ഫോബിയ ആയിരുന്നു അതിന്‍റെ പ്രചോദനം. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ പ്രാര്‍ഥനാ നിരതരായിരുന്ന അമ്പത് പേര്‍ അതില്‍ വധിക്കപ്പെട്ടു. ഡസന്‍ കണക്കിനാളുകള്‍ക്ക് മുറിവേറ്റു. ഭീകരനും ഭീരുവുമായ ഒരു വികൃത ജന്തുവാണവരെ വെടിവെച്ചിട്ടത്.

ഞാന്‍ പ്രധാനമന്ത്രി ആർഡേണിനെ വിളിച്ച് കാനഡയുടെ അകം നിറഞ്ഞ പിന്തുണയും അനുകമ്പയും അറിയിച്ചിരുന്നു. ഒപ്പം ഈ ദുരന്ത മുഖത്ത് അവര്‍ കാണിക്കുന്ന സഹാനുഭൂതി നിറഞ്ഞ നേതൃ പാടവത്തെ അഭിനന്ദിക്കുകയും ചെയ്തു.

തങ്ങളുടെ ഉറ്റവരോടും ഉടയവരോടും ഒന്ന്‍ യാത്ര പറയാന്‍ പോലും ഇട കിട്ടാതെ വിട പറയേണ്ടി വന്ന മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും സുഹൃത്തുക്കളെയും ഓര്‍ത്ത് നമ്മുടെ ഹൃദയം വിങ്ങുകയാണ്.

വെറുപ്പിന്റെ പ്രത്യയ ശാസ്ത്രവുമായി ചേര്‍ക്കപ്പെട്ട, വിദ്വേഷത്താൽ നിറക്കപ്പെട്ട ഒരു മനുഷ്യനാണവരുടെ പ്രിയപ്പെട്ടവരുടെ ജീവനെടുത്തത്.

മി.സ്പീക്കര്‍, പത്ത് ലക്ഷത്തിലേറെ മുസ്‌ലിങ്ങള്‍ സ്വതന്ത്രമായ തുറവിയുള്ള ജനാധിപത്യമനുഭവിച്ചു കൊണ്ട് ജീവിക്കുകയും വളരുകയും ചെയ്യുന്ന അവരുടെ വീടാണ് കാനഡ. ആക്രമണ ഭീതിയില്ലാതെ അവരവര്‍ തെരഞ്ഞെടുക്കുന്ന വിശ്വാസം പുലര്‍ത്തിക്കൊണ്ട് ജീവിക്കാനാവും വിധം ഈ സ്വാതന്ത്ര്യം നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

കാനഡയിലും ന്യൂസിലാന്റിലും ലോകത്തുടനീളവുവുമുള്ള മുസ്‌ലിം സുഹൃത്തുക്കളോട് പറയട്ടെ, നിങ്ങളുടെ വേദന ഞങ്ങള്‍ തൊട്ടറിയുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ട്. വരാനിരിക്കുന്ന പ്രയാസത്തിന്റെ നാളുകളില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.

ഖുര്‍ആന്‍ നമ്മളോട് പറയുന്നു: ‘കരുണാമയനായ ദൈവത്തിന്റെ യഥാര്‍ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു. അവിവേകികള്‍ തര്‍ക്കിക്കാന്‍ വന്നാല്‍, അവര്‍ പറയും: ‘സലാം'(സമാധാനം നേരുന്നു ).’

ഒരുപക്ഷെ മത്തായിയുടെ സുവിശേഷത്തിലും ഈ ആശയം കേട്ടിട്ടുള്ളത് കൊണ്ടായിരിക്കാം നിങ്ങള്‍ക്കിത് പരിചിതമായി തോന്നുന്നത്. പ്രതികാരത്തെയും തിരിച്ചടിയും കുറിച്ചല്ല മറിച്ച് മറ്റേ കവിളും കൂടി കാണിച്ചു കൊടുക്കുന്നതിനെ കുറിച്ചാണ് അവിടെ സംസാരിക്കുന്നത്. നമ്മള്‍ ഒന്ന്‍ കാര്യമായി പരിശോധിക്കുകയാണെങ്കില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ സാധിക്കുന്നതിലെത്രയോ അപ്പുറം നമ്മളെ ചേര്‍ത്ത് നിര്‍ത്താന്‍ ശേഷിയുള്ള പാഠങ്ങള്‍ നമുക്ക് നമ്മുടെ വിശ്വാസങ്ങളില്‍ നിന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യുബക് നഗരത്തിലെ സ്റ്റെഫോയിലും ഇത് പോലെ ആറു നിരപരാധികളുടെ മരണത്തിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ ഇരകളെ പോലെ തന്നെ അന്നും പിതാക്കളും സഹോദരന്മാരും മക്കളുമൊക്കെ നമസ്കാരത്തിടയില്‍ വെടിയേറ്റ്‌ വീഴുകയായിരുന്നു. അവരുടെ ദുഖത്തില്‍ ഞാന്‍ പങ്ക് ചേരുകയുണ്ടായി. ഇത്തരമൊരു വിദ്വേഷം അവരുടെ സമൂഹത്തെ സ്പർശിക്കുമെന്ന് അവര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല.

മി.സ്പീക്കര്‍ , സ്റ്റെഫോയിലും ക്രൈസ്റ്റ് ചര്‍ച്ചിലും ഉണ്ടായത് പോലുള്ള ദുരന്തങ്ങള്‍ പലതവണ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രങ്ങള്‍ അരാജകത്വവുമായും കലാപങ്ങളുമായും മല്‍പിടുത്തം നടത്തേണ്ടി വന്നതിനെ കുറിച്ച വാര്‍ത്തകള്‍ തലക്കെട്ട്‌ കീഴടക്കിയിട്ടുണ്ട്. കൂട്ട വെടിവെപ്പുകള്‍, വിശ്വാസത്തിന്റെ പേരിലുള്ള അരും കൊലകള്‍, ഭീകരാക്രമണങ്ങള്‍, അങ്ങിനെ പലതും.

ഇതിൽ ലോക നേതാക്കള്‍ക്ക് അല്‍പ്പം ഉത്തരവാദിത്തമുണ്ടെന്നത് ലജ്ജാകരവും ദുഖകരവുമാണ്. മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടി അധിക കാലം ഈ ഉത്തരവാദിത്തത്തെ നമുക്ക് അവഗണിക്കാനാവില്ല. കാരണം രോഷം ഉള്ളിലൊതുക്കി കഴിയുന്നവര്‍ക്ക് മുമ്പത്തെ അപേക്ഷിച്ച് വലിയ അവസരങ്ങള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്.

വിഷലിപ്ത്മായ പദപ്രയോഗങ്ങള്‍ മുഖ്യധാരയിലേക്ക് ഇടിച്ചു കയറിയിരിക്കുന്നു. അത് സെമിറ്റിക് വിരുദ്ധമാകാം, ഇസ്‌ലാം ഫോബിക്കാകാം.അല്ലെങ്കിൽ കറുത്തവര്‍ക്കെതിരെയുള്ളതോ പാരമ്പര്യ വിരുദ്ധമോ സ്ത്രീ വിരുദ്ധമോ സ്വവര്‍ഗ വിരുദ്ധമോ ഒക്കെയാകാം.

ഇത്തരം ശൈലീ പ്രയോഗങ്ങള്‍ അത്യന്തം അപകടവും ഹീനവും വെറുപ്പുളവാക്കുന്നതുമാണ്. ഓണ്‍ ലൈന്‍ ലോകത്ത് ജീവിച്ചു തിടം പഴുത്ത് വ്രണമാവുന്ന ഇവ പിന്നീട് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉളവാക്കിക്കൊണ്ട് വസ്തുതാ ലോകത്തേക്ക് വമിച്ചിറങ്ങുകയാണ് ചെയ്യുന്നത്.

കൊലപാതകം അക്രമം, ആരാധനനാലയങ്ങളുടെ മുഖം വികൃതമാക്കൽ, ഓണ്‍ ലൈന്‍ അധിക്ഷേപങ്ങൾ തുടങ്ങിയ രീതികളിലൊക്കെ നമുക്കത് കാനഡയിലും കാണാം.

പൂര്‍ണ ബോധ്യത്തോടെ വിദ്വേഷ നിലപാടുകളെ തള്ളിപ്പറയുന്നതില്‍ നാം പരാജയപ്പെട്ടാല്‍ അത്തരക്കാരെ ശക്തിപ്പെടുത്തലും അവരുടെ അതിക്രമങ്ങളെ ശരിവെക്കലുമായിരുക്കും അത്.

മി.സ്പീക്കര്‍ വര്‍ഷങ്ങളായി നോക്കിയാല്‍ ലോകത്തുടനീളം മുസ്‌ലികള്‍ക്കെതിരെയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായാണ് കാണുന്നത്. അതുകൊണ്ടു തന്നെ അനേകം കുടുംബങ്ങൾ അഭയം തേടി കാനഡ, യു.എസ് തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്തെത്തുന്നു. അവരുടെ പുതിയ വീടുകളെങ്കിലും സുരക്ഷിത ജീവിതം നല്‍കണേ എന്നാണവർ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ വേട്ടയാടപ്പെടാത്ത ഒരഭയ കേന്ദ്രം തങ്ങളുടെ മക്കള്‍ക്കെങ്കിലും ലഭ്യമാകുമെന്നവര്‍ പ്രതീക്ഷിക്കുന്നു.

പക്ഷെ ദുഖകരമെന്ന്‍ പറയട്ടെ മി. സ്പീക്കര്‍. സ്വന്തം നാടുകളിലെ സംഘര്‍ഷങ്ങളില്‍ നിന്ന്‍ രക്ഷ തേടി പുതിയ തീരങ്ങളിലെത്തുന്ന ഇവര്‍ക്ക് പുതിയ രീതിയിലുള്ള മറ്റ് അതിക്രമങ്ങളെയാണ് നേരിടേണ്ടി വരുന്നത്. കുടിയേറ്റ വിരുദ്ധ വിദ്വേഷം, വലത് പക്ഷ തീവ്രവാദം, വെള്ള ദേശീയത, നിയോ നാസി ഭീകരത തുടങ്ങിയ പലരീതികളിലും.

ലോറിയെറും ദീഫെന്‍ ബെക്കെറും എന്റെ പിതാവുമൊക്കെ നേതൃത്വം നല്‍കിയ രാജ്യമാണു കാനഡ. അവരൊക്കെ വിജയകരമായി ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പു വരുത്തുകയും നമ്മുടെ ഏറ്റവും വലിയ കരുത്തായി വൈവിധ്യത്തെ മുന്നോട്ട് വെക്കുകയും ചെയ്ത ഇവിടെയും ഇത്തരം വിദ്വേഷക്കൂട്ടങ്ങൾ സജീവമായിരിക്കുന്നു.

അങ്ങിനെയൊക്കെയാണെങ്കിലും -രാജ്യത്തെ വലിയൊരു വിഭാഗം രാജ്യത്തേക്ക് വരുന്നവരെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമ്പോഴും – ചെറിയൊരു വിഭാഗം വൈവിധ്യ പൂർണത ഒരു ദൗർബല്യമാണെന്ന് പ്രചരിപ്പിക്കുന്നു. വിരോധാഭാസം എന്താണെന്ന് വെച്ചാൽ, ഇത്തരക്കാര്‍ ഐസിസ്, അൽ ഖായിദ, ബോകോ ഹറം തുടങ്ങിയവരെ എതിര്‍ക്കുന്നു എന്നാണവകാശപ്പെടുന്നത്. അതെ സമയം തന്നെ കടുത്ത വിദ്വേഷം പുറന്തള്ളുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന കാര്യത്തിൽ അതേ നയമാണിവർക്കും. അക്കാര്യത്തിൽ ആ ഗ്രൂപ്പുകളെക്കാൾ ഒട്ടും പുറകിലല്ല ഇവരും.

മി.സ്പീക്കർ, രാഷ്ട്രീയക്കാർ ഈ വിദ്വേഷ പ്രചാരകരെ തള്ളിപ്പറയുന്നില്ലെന്നത് മാത്രമല്ല പ്രശ്നം, പല കേസുകളിലും ഇത്തരക്കാരുമായി സജീവ ബാന്ധവം പുലർത്തുന്നു എന്നത് കൂടിയാണ്.

ലോക നേതാക്കളോടും രാഷ്ട്രീയ പ്രവർത്തകരോടും നമുക്കൊന്നേ പറയാനുള്ളൂ. തീവ്ര വാദ ആശയങ്ങളുമായി ചേർന്നു കൊണ്ടുള്ള ജനവഞ്ചക രാഷ്ട്രീയം അവസാനിപ്പിക്കണം.

ജനങ്ങൾ വെറുതെ മരിച്ചു വീഴുകയല്ല. അവരെ കൊന്ന് തള്ളുകയാണ്. അച്ഛനമ്മമാർ അവരുടെ കുടുംബങ്ങളിൽ നിന്ന് അടർത്തി മാറ്റപ്പെടുകയാണ്. കളിച്ച് നടക്കുന്ന നിഷ്കളങ്ക ബാല്യങ്ങളെ പോലും ഒരു മടിയുമില്ലാതെ വെടിവെച്ച് വീഴ്ത്തുന്നു. അമ്പലങ്ങൾ ജൂത ക്രിസ്ത്യൻ മുസ്‌ലിം പള്ളികൾ, എവിടെയും പ്രതിരോധിക്കാൻ പോലുമാവാതെ ആളുകൾ കൊല്ലപ്പെടുന്നു. കാനഡയിൽ മാത്രമല്ല ലോകത്തുടനീളം.

പ്രതികരണം എപ്പോഴും ഒന്ന് തന്നെ. തലക്കെട്ടുകൾ കണ്ട് നമ്മളൊന്ന് ഞെട്ടി വിറക്കും. കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് അച്ഛനമ്മമാർ സമാധാനിക്കും ദൈവമേ ഞങ്ങൾക്കൊന്നും പറ്റിയില്ലല്ലോ എന്ന്.

രാഷ്ട്രീയക്കാരെല്ലാം ചുറ്റും കൂടും. നമ്മൾ അനുശോചനം രേഖപ്പെടുത്തും. എല്ലാം ശരിയാവുമെന്ന് പറയും. ഇത്തരം വിദ്വേഷങ്ങൾ ഇനി ഒരിക്കലും വളർന്ന് വഷളാവാൻ അനുവദിക്കില്ലെന്ന് പറയും. എന്നിട്ട് തീയും പുകയും കെട്ടടങ്ങിയാൽ നാം പുറം തിരിയും. അധിക്കാരക്കൊതി തീർക്കാനുള്ള കുറച്ച് വോട്ടുകൾ കൈക്കലാക്കാനുള്ള രാഷ്ട്രീയക്കളികളിലേക്ക് നമ്മൾ മടങ്ങും. മറ്റാരെയെങ്കിലും ബലിയാടാക്കി അണികളെ സുഖിപ്പിക്കും. അങ്ങനെ ഒരു നൊടിയിട കൊണ്ട് ഈ കൊടും പാപത്തിനു നമ്മൾ നിയമ സാധുത നൽകും.

മി. സ്പീക്കർ, ഈ വിദ്വേഷത്തെയും അതുറക്കെ പറയാനുള്ള നമ്മുടെ വൈമനസ്യത്തെയും വെളിച്ചത്ത് കൊണ്ട് വരാൻ വേണ്ടിയാണ് ഞാനിന്നിവിടെ എഴുന്നേറ്റ് നിൽക്കുന്നത്. നേതാക്കൾ എന്ന നിലയിൽ അധികാരവും അണികളുമുള്ള ചുരുക്കം ഭാഗ്യവാന്മാരെന്ന നിലക്ക് എന്തെങ്കിലും ചിലത് ചെയ്യാനുള്ള ഉത്തര വാദിത്തം നമുക്കുണ്ട്. ഇത് വിലപേശി വിൽക്കാനുള്ളതല്ല. രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ച് കൂട്ടുകയും കുറക്കുകയും ചെയ്യാവുന്ന ഒന്നല്ല അത്.

ഇത്തരം വീക്ഷണ ഗതികളോട് രാജിയാവുക എന്നത് തികച്ചും തെറ്റായ ഒരു തെരെഞ്ഞെടുപ്പായിരിക്കും. ഈ വിദ്വേഷ പ്രവണതകളെ നമ്മുടെ പാർട്ടികളിൽ നിന്ന് തുരത്തി ഓടിക്കണം. പൊതുവേദികളിൽ തള്ളിപ്പറയണം. നമ്മുടെ വാതിൽക്കലെത്തിയാൽ തള്ളി മാറ്റണം.‌

വെറുപ്പും വിദ്വേഷവും പാകം ചെയ്തെടുക്കപ്പെടുമ്പോൾ മൗനത്തിന്റെ പുറകിലൊളിക്കുന്നത് അങ്ങേയറ്റം ഭീരുത്വം നിറഞ്ഞ കുറ്റകൃത്യമാണ്.

മി.സ്പീക്കർ, വർഷങ്ങളും ദശാബ്ദങ്ങളും കടന്ന് പോകവെ എത്രയോ മനുഷ്യരെയും രാജ്യങ്ങളേയും ഓർത്ത് നമുക്ക് സങ്കടപ്പെടേണ്ടി വരുന്നു. കാര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് നാം പ്രതിജ്ഞയെടുക്കുന്നു. എന്നിട്ടെന്ത്. അത് തന്നെ ആവർത്തിക്കുന്നു. നേതാക്കൾ വിദ്വേഷം ചൂഷണം ചെയ്യാനുള്ള വികാരമാണെന്ന് തീരുമാനിക്കുന്നു. അടക്കാനാവാത്ത രോഷത്തിന്റെ പിൻബലത്തിൽ അധികാരസ്ഥാനങ്ങൾ കൈയ്യടക്കുകയും ചെയ്യുന്നു. ഒരു സമുദായമെന്ന നിലയിൽ, ആഗോള സമൂഹമെന്ന നിലയിൽ, മനുഷ്യരെന്ന നിലയിൽ നമുക്ക് ഒരു പാഠവും പഠിക്കാൻ കഴിഞ്ഞിട്ടില്ലേ?

സത്യമായും പറയട്ടെ, ഞാൻ തളർന്നിരിക്കുന്നു. നമ്മുടെ ഈ ‘നന്മ നേരലും പ്രാർഥനയും’ നടത്തി ഞാൻ തളർന്നു. പക്ഷെ , ഞാൻ ഇത്ര തളർന്നിരിക്കുകയാണെങ്കിൽ, ദിവസം തോറും ഇത്തരം അതിക്രമങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന മനുഷ്യർ എന്തായിരിക്കും അനുഭവിക്കുന്നുണ്ടാവുക എന്നെനിക്കൂഹിക്കാൻ പോലും പറ്റുന്നില്ല.

ലോകത്തെല്ലായിടത്തും കൂട്ടക്കൊലകൾ കണ്ട് ജനങ്ങൾക്ക് മതിയായിരിക്കുന്നു. അവരവരുടെ സമൂഹങ്ങൾ ദുരന്തത്തിനിരയാവുമ്പോൾ സുഹൃത്തുക്കളെയും അയല്‍വാസികളെയും ആശ്വസിപ്പിക്കാനവരെത്തുന്നു. കാര്യമായ ഒരു നിലപാടുമെടുക്കാത്ത അവരുടെ നേതാക്കളോടവർക്ക് അടക്കാനാവാത്ത രോഷമുണ്ട്. ജനങ്ങൾ കാവൽ നിൽക്കാൻ തയാറായി മുന്നോട്ട് വരുന്നു. നടപടികൾക്കായി മുറവിളി കൂട്ടുന്നു. നമ്മളാണ് മോശക്കാർ. നമ്മുടെ നേതാക്കൾ നിരന്തര പരാജയമാണെന്ന് ജനങ്ങൾ കാണിച്ച് തന്നു കൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാർ ഇത്തരം സന്ദർഭങ്ങളിൽ പറയാറുണ്ടല്ലോ ‘ഇത് രാഷ്ട്രീയം പറയാനുള്ള നേരമല്ല പകരം ദുരിത ബാധിതർക്ക് നാം ഖേദവും പിന്തുണയും നൽകലാണാവശ്യം’ എന്നൊക്കെ.

വെറും പ്രഹസനമാണതെന്നാണ് ഞാൻ കരുതുന്നത്. അതാണ് രാഷ്ട്രീയം സംസാരിക്കേണ്ട യഥാർത്ഥ സന്ദർഭം. ജനങ്ങളെ പിന്തുണക്കാനുള്ള ഏറ്റവും നല്ല മാർഗം അവർക്കൊരു പ്രശ്നം ഉണ്ടെന്നംഗീകരിക്കലാണ്. അത് പരിഹരിക്കാനുള്ള കൃത്യമായ നടപടികളെടുക്കലും…

മി.സ്പീക്കർ, നമ്മൾ ഏറ്റവും ശരിയായ കാര്യങ്ങൾ ചെയ്യുമോ? അല്ലെങ്കിൽ പൂഴിയിൽ മുഖം പൂഴ്ത്തിക്കളയുമോ? എങ്കിൽ നമുക്ക് ഒടുവിൽ കൈകളിൽ മുഖം പൂഴ്ത്തേണ്ടി വരും.

നമ്മളെത്ര മാത്രം വഴി തെറ്റിപ്പോയിരിക്കുന്ന എന്നതിന്റെ ഉദാഹരണമാണ് ന്യൂസിലാന്റ്.

പക്ഷെ അമ്പത് പേരുടെ മരണത്തിൽ നിന്ന് നമുക്ക് പാഠം പഠിക്കാതിരിക്കാനാവില്ല. നമ്മളിപ്പോൾ സഞ്ചരിക്കുന്ന വഴി അപകടകരമാണ്. ഒട്ടും നിലനിൽപ്പില്ലാത്തതും. നേതാക്കളുടെ പിൻബലമില്ലാതെ ജനങ്ങൾ ഇതിനോട് ഒറ്റക്ക് പൊരുതി തളർന്നിരിക്കുന്നു.

പക്ഷെ നമുക്ക് ഇപ്പോൾ ഇവിടെ ഒരു നിലപാടെടുക്കാൻ കഴിയും. ഇനി മതി എന്ന് നാം പ്രഖ്യാപിക്കണം. ഒന്നും പേടിക്കാതെ ഭയവും സംഘർഷവും പരത്തി വിടുന്ന നാളുകൾ കഴിഞ്ഞിരിക്കുന്നു. നമ്മളിതിന് ക്രൈസ്റ്റ് ചർച്ചിലെ ജനങ്ങളാേട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളോടും. നമ്മോട് തന്നെയും.

നമ്മളെ പോലെ ചിന്തിക്കുന്ന എല്ലാ രാജ്യങ്ങളോടും ഈ പോരാട്ടത്തില്‍ കാനഡയോടൊപ്പം ചേരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു.

ലോകത്തെങ്ങുമുള്ള നമ്മുടെ സഹ രാഷ്ട്രങ്ങളോട് ഞാൻ പറയട്ടെ, വംശീയതക്കും അസഹിഷ്ണുതക്കും എതിരെയുള്ള പോരാട്ടം കനത്ത പോരാട്ടം തന്നെയാണ്. പക്ഷെ നമുക്കത് മാറ്റിവെക്കാനാവില്ല. എനിക്കറിയാം. നമുക്ക് മാറ്റങ്ങളുണ്ടാക്കാനാവും.

മി.സ്പീക്കർ, ചീത്ത മനുഷ്യരേക്കാൾ കൂടുതൽ നല്ല മനുഷ്യർ ഈ ലോകത്തുണ്ട്. വെളിച്ചം ഇരുട്ടിനു മേൽ പ്രകാശിക്കുന്നുണ്ട്. നന്മ തിന്മയെ അതിജയിച്ചു നിൽക്കുന്നുണ്ട്. ദുരന്തമുഖത്ത് ജാഗ്രതയോടെ ഒന്നിച്ച മനുഷ്യരിൽ നമുക്കത് കാണാം. ആരാധനാലയങ്ങൾക്ക് ചുറ്റും കൈ കോർത്ത് കാവൽ നിന്ന മനുഷ്യരിൽ നമുക്കത് കണ്ടെടുക്കാം. ഈ പോരാട്ടം സുപ്രധാനമാണ്.

നമ്മളീ വിദ്വേഷത്തോട് ഒന്നിച്ച് നിന്ന് പോരാടിയേ തീരൂ. നമുക്കതിനു കഴിയും. നാമത് ചെയ്യും.

നന്ദി.

Continue Reading

International

വിദേശത്ത് നിന്ന് മൃതദേഹം മാറി നാട്ടിലെത്തിയ സംഭവം: റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക

Published

on

By

കൊച്ചി: സൗദിഅറേബ്യയില്‍ മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീക്ക് അബ്ദുള്‍ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അറിയിച്ചു. നേരത്തെ ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമാണ് റഫീക്കിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത്. ഇരു മൃതദേഹങ്ങളും അബ്ബയില്‍ നിന്നും ജിദ്ദ വരെ സൗദിഅറേബ്യന്‍ വിമാനത്തിലാണ് എത്തിയത്. ജിദ്ദയില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഒരു മൃതദേഹം ബഹറൈന്‍ വഴി കൊളംബൊയിലേക്കും മറ്റേ മൃതദേഹം സൗദിഅറേബ്യന്‍ വിമാനത്തില്‍ കൊച്ചിയിലേക്കുമാണ് എത്തിയത്. കോന്നിയില്‍ എത്തിച്ച മൃതദേഹം സംസ്‌ക്കരിക്കുന്നതിന് പെട്ടി തുറന്നപ്പോഴാണ് റഫീക്കിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. നോര്‍ക്ക വകുപ്പ് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കത്തു നല്‍കുകയും സൗദി എയര്‍ലൈന്‍സ് അധികൃതരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.

Continue Reading

International

പള്ളികളിലുണ്ടായ ഭീകരാക്രമണം: ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിച്ചു

Published

on

By

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിച്ചു. മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 50 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം കൊണ്ടു വന്നത്. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന അടിയന്തിരമായി നിരോധിച്ചുകൊണ്ട് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ആണ് ഉത്തരവിറക്കിയത്. തോക്കുകളുടെ വില്‍പന നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നിരോധനം നിലവില്‍ വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായി വരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത ആർഡൻ വ്യക്തമാക്കി. നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്‍കി വാങ്ങും. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും. നിയമപരമായി വാങ്ങിയ തോക്കാണ് അക്രമി വെടിവെപ്പിന് ഉപയോഗിച്ചതെന്ന് അവര്‍ പറഞ്ഞു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending